തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനായി വയോജന സംരക്ഷണ ബിൽ ഉടൻ പാസാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ബില്ലിന്റെ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജനങ്ങൾക്ക് ആരോഗ്യകരവും സജീവവുമായ വാർധക്യം ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. വീടുകളിലും കുടുംബ അന്തരീക്ഷത്തിലും തുടരാൻ സഹായിക്കുന്നതോടൊപ്പം ആവശ്യമായ ഘട്ടങ്ങളിൽ ഗുണനിലവാരമുള്ള പരിചരണവും ഉറപ്പാക്കും.
വയോജനങ്ങളുടെ ആവശ്യങ്ങളെ സാമ്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിച്ച് പുതിയ തൊഴിൽ മേഖലയും സംരംഭകത്വവും വളർത്തുന്ന സിൽവർ ഇക്കോണമിയും ഇതിലൂടെ നടപ്പിലാക്കും. നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനായി സംസ്ഥാന-ജില്ലാതല സംവിധാനങ്ങളും ഡിജിറ്റൽ-സാമ്പത്തിക സുരക്ഷയ്ക്കുള്ള പ്രത്യേക വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.